ന്യൂഡല്‍ഹി: ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സഹായിക്കുന്ന വെടിനിര്‍ത്തല്‍ കരാറിനു ധാരണ. എന്നാല്‍, ശനിയാഴ്ച വൈകിട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെങ്കിലും, പാക്കിസ്ഥാന് മണിക്കൂറുകള്‍ക്കുള്ളില്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യ ആരോപിച്ചു.
നേരത്തെ, ഇന്ത്യക്കും പാക്കിസ്ഥാനും മുന്‍പേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് എക്സിലൂടെ പ്രഖ്യാപനം നടത്തിയത്. യുഎസ് വഹിച്ച മധ്യസ്ഥതയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ സ്ഥിരീകരിച്ചെങ്കിലും, ഇതില്‍ യുഎസ് അടക്കം മൂന്നാം കക്ഷകളുടെയൊന്നും ഇടപെടല്‍ ഇല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. പാക്കിസ്ഥാന്റെ ഡയറക്റ്റര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യന്‍ ഡിജിഎംഒയെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം സമ്മതിച്ചത്. ഇന്ത്യ അത് സോപാധികമായി അംഗീകരിക്കുകയായിരുന്നു എന്നാണ് വിശദീകരണം.
അതേസമയം, പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി രാത്രി തന്നെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതിര്‍ത്തികളില്‍ അതീവ ജാഗ്രത തുടരുകയാണ്. ഇരുരാജ്യങ്ങളുടെയും ഡിജിഎംഒ തലത്തിലുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ച തുടരാനാണ് ധാരണ.

Comments: